ഡോപ്പമിനും ജീവിതനിലവാരവും
ഡോപ്പമിനും ജീവിതനിലവാരവും മനുഷ്യരുടെ ജീവിതനിലവാരം പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾ, വിഭവങ്ങളുടെ ലഭ്യത, ശുചിത്വം, മാനസിക-ശാരീരിക ആരോഗ്യം, സാമ്പത്തിക തുല്യത, അവസരസമത്വം, ലൈംഗിക വിദ്യാഭ്യാസം, ജനാധിപത്യബോധം, ശാസ്ത്രബോധം എന്നിങ്ങനെ ഒരു മനുഷ്യൻെറ ജീവിത നിലവാരത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിൽ വളരെ പ്രധാനപ്പെട്ടതാണ് മാനസിക ആരോഗ്യം. ചുറ്റുപാടുകളുമായി സംവദിക്കുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയുന്നത് വളരെ പ്രധാനപ്പെട്ടതാണ്. തലച്ചോറിലെ പ്രധാനപ്പെട്ട ന്യൂറോ മോഡിലേറ്ററായ (neuromodulator) ഡോപ്പമിൻ (dopamine) എന്ന ന്യൂറോട്രാൻസ്മിറ്ററിൻ്റെ (neurotransmitter) പ്രവർത്തനം നമ്മുടെ ജീവിതനിലവാരം, ക്ഷേമം (well being), മാനസികാരോഗ്യം എന്നിവയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യമുളള തലച്ചോറിൽ ഡോപ്പമിൻ്റെ സാന്നിധ്യം സന്തുലിതമായിരിക്കും. മറ്റ് ന്യൂറോ ട്രാൻസ്മിറ്ററുകളുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിവുള്ള ഡോപ്പമിൻ സന്തുലിതമായി നിലനിർത്താൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായോ ഉടനടിയോ സുഖം (pleasure) കിട്ടുന്ന പ്രവർത്തികള...