ഡോപ്പമിനും ജീവിതനിലവാരവും
ഡോപ്പമിനും ജീവിതനിലവാരവും
മനുഷ്യരുടെ ജീവിതനിലവാരം പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾ, വിഭവങ്ങളുടെ ലഭ്യത, ശുചിത്വം, മാനസിക-ശാരീരിക ആരോഗ്യം, സാമ്പത്തിക തുല്യത, അവസരസമത്വം, ലൈംഗിക വിദ്യാഭ്യാസം, ജനാധിപത്യബോധം, ശാസ്ത്രബോധം എന്നിങ്ങനെ ഒരു മനുഷ്യൻെറ ജീവിത നിലവാരത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിൽ വളരെ പ്രധാനപ്പെട്ടതാണ് മാനസിക ആരോഗ്യം. ചുറ്റുപാടുകളുമായി സംവദിക്കുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയുന്നത് വളരെ പ്രധാനപ്പെട്ടതാണ്.
തലച്ചോറിലെ പ്രധാനപ്പെട്ട ന്യൂറോ മോഡിലേറ്ററായ (neuromodulator) ഡോപ്പമിൻ (dopamine) എന്ന ന്യൂറോട്രാൻസ്മിറ്ററിൻ്റെ (neurotransmitter) പ്രവർത്തനം നമ്മുടെ ജീവിതനിലവാരം, ക്ഷേമം (well being), മാനസികാരോഗ്യം എന്നിവയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യമുളള തലച്ചോറിൽ ഡോപ്പമിൻ്റെ സാന്നിധ്യം സന്തുലിതമായിരിക്കും. മറ്റ് ന്യൂറോ ട്രാൻസ്മിറ്ററുകളുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിവുള്ള ഡോപ്പമിൻ സന്തുലിതമായി നിലനിർത്താൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായോ ഉടനടിയോ സുഖം (pleasure) കിട്ടുന്ന പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ ഡോപ്പമിൻ ബെയ്സ് ലൈൻ ലെവലിന് (Baseline level) വളരെ മുകളിലെത്തുകയും കുറച്ച് സമയത്തിനകം തന്നെ അത് ബേയ്സ് ലൈൻ ലെവലിന് വളരെ താഴേക്ക് പോകുകയും ചെയ്യും. ഇങ്ങനെയുള്ള പ്രവർത്തികൾ ആവർത്തിക്കുന്നത് ജീവിത നിലവാരത്തെ സാരമായി ബാധിക്കും. ലഹരി വസ്തുക്കളുടെ ഉപയോഗം അമിതമായ മൊബൈൽ ഉപയോഗം എന്നിങ്ങനെയുള്ള ക്രിയാത്മകമല്ലാത്ത പ്രവർത്തികൾ മസ്തിഷ്കത്തിലെ ഡോപ്പമിന്റെ സന്തുലിതാവസ്ഥയെ താളം തെറ്റിക്കുകയും ജീവിതനിലവാരത്തെയും മാനസിക ആരോഗ്യത്തെയും ഹാനികരമാംവിധം ബാധിക്കുകയും ചെയ്യും.
ഡോപ്പമിന്റെ അസന്തുലിതാവസ്ഥ സ്കിസോഫ്രീനിയ, ക്ലിനിക്കൽ ഡിപ്രഷൻ എന്നിങ്ങനെയുള്ള മനോരോഗങ്ങളിലും കാണാൻ കഴിയും. പല മനോരോഗങ്ങൾക്കും ചികിത്സയിലൂടെയും മരുന്നുകളിലൂടെയും സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ കഴിയുന്നതുമാണ്. സ്വാഭാവികമായി ഡോപ്പമിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ വ്യായാമം, മെഡിറ്റേഷൻ, മൈൻഡ്ഫുൾനെസ്, ശീത ജലത്തിലുള്ള കുളി (cold shower), ക്രിയാത്മകമായ പ്രവർത്തികളും പുതുലക്ഷ്യങ്ങളും, ആരോഗ്യകരമായ ലൈംഗികത, മനുഷ്യബന്ധങ്ങൾ എന്നിവ സഹായകരമാണ്. ഒരു വ്യക്തി താൻ ഏതെങ്കിലും പ്രവർത്തിയിൽ അമിതമായി സുഖം (pleasure) അനുഭവിക്കുന്നുണ്ടോ എന്ന് സ്വയം തിരിച്ചറിഞ്ഞ് നിയന്ത്രണം പാലിക്കുന്നതും ഡോപ്പമിൻ്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായകമാണ്.
Chethan R, Counsellor
Comments
Post a Comment